ജനീവ: കേരളത്തിലടക്കം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌ത രോഗമാണ് കോളറ. ചികിൽസിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണംവരെ സംഭവിച്ചേക്കാവുന്ന രോഗം, ലോകത്ത് വ്യാപിക്കുകയാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന (WHO) ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ലോകത്ത് കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞവർഷം രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായെങ്കിലും, മരണസംഖ്യയിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായാണ് സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കൽ റിപ്പോർട് വ്യക്‌തമാക്കുന്നത്.
1999ന് ശേഷം ലോകത്ത് ഒരുവർഷത്തിനിടെ റിപ്പോർട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞവർഷം ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളിൽ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാൽ, പരിശോധനകളും റിപ്പോർട്ടിങ്ങും കാര്യക്ഷമമല്ലാത്ത മേഖലകളിൽ നിന്നുള്ള കണക്കുകൾ കൂടി പരിശോധിച്ചാൽ മരണസംഖ്യ ഇതിലും കൂടുമെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
രോഗബാധ ഏറ്റവും കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ
ആകെ റിപ്പോർട് ചെയ്‌ത കോളറ കേസുകളുടെയും മരണങ്ങളുടെയും 90 ശതമാനത്തോളവും അങ്കോള, ബംഗ്ളാദേശ്, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, സുഡാൻ, യമൻ എന്നീ ഏഴ് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ ആഫ്രിക്കൻ മേഖലയിലാണ് രോഗബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത്. 2014നെ അപേക്ഷിച്ച് രോഗബാധയിൽ 34 ശതമാനവും, മരണനിരക്കിൽ 58 ശതമാനവും വർധനവാണ് ആഫ്രിക്കയിൽ രേഖപ്പെടുത്തിയത്.
എന്താണ് കോളറ?
വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. ലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ അഞ്ചുദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കും. ചികിൽസിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണംവരെ സംഭവിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അണുബാധയ്‌ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്‌ടീരിയകൾ അവരുടെ മലത്തിൽ കാണപ്പെടുന്നു.

രോഗലക്ഷണങ്ങൾ
രോഗം പിടിപെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാവുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്‌ടത്തിന് കാരണമാവുകയും ചെയ്യും.
ഓക്കാനം, ഛർദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം ഉണ്ടാവുകയും ചെയ്യും. പത്ത് ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജലീകരണത്തെ സൂചിപ്പിക്കുന്നു. ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്‌ത സമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
ഇവ പ്രത്യേകം ശ്രദ്ധിക്കുക
1. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.
2. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങളിൽ ശുചിയായി സൂക്ഷിക്കുക
3. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക
4. കഴിവതും പച്ചക്കറികൾ പാകം ചെയ്‌ത് കഴിക്കുക.
5. ശുചിമുറികൾ ഇടയ്‌ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത






































