തിരുവനന്തപുരം: തദ്ദേശവകുപ്പിൽ ഉദ്യോഗസ്‌ഥ പോര് എന്ന വാർത്തകൾ തള്ളി ദിവ്യ എസ് അയ്യർ. ‘പോരും ഇല്ല, പോരാത്തതിന് മൽസരവും ഇല്ല. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’ എന്നും ദിവ്യ എസ് അയ്യർ ഇൻസ്‌റ്റാഗ്രാമിൽ കുറിച്ചു.
പോസ്‌റ്റിന്റെ പൂർണരൂപം
പോരും ഇല്ലാ.. പോരാത്തതിന് മൽസരവും ഇല്ല. മനുഷ്യരെ സ്‌നേഹിക്കുന്നു, പുൽകുന്നു, പുകഴ്‌ത്തുന്നു എന്ന് മാത്രമേ ഇതുവരെ മാദ്ധ്യമങ്ങളിലും സാമൂഹിക മാദ്ധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓർമയുള്ളൂ. ഇപ്പോൾ പോര്, മൽസരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യം മനസിൽ തെളിയുന്നു. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണിവ. വ്യക്‌തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചാരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു: ‘വലിയ സത്യങ്ങളും ചെറിയ നുണകഥകളും തമ്മിലാണ് പോര്’. അത് മാത്രമാണ് പോര്.
സംസ്‌ഥാനത്തെ മാലിന്യ മുക്‌തമാക്കാൻ തദ്ദേശ വകുപ്പിന്റേതായ ടി അനുപമ ഐഎഎസും ദിവ്യ എസ് അയ്യരും രണ്ട് വ്യത്യസ്‌ത പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിൽ ഉദ്യോഗസ്‌ഥ പോര് രൂക്ഷമെന്ന വാർത്തകൾ പുറത്തുവന്നത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമ ‘നിർമലം’ എന്ന പേരിലും വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലുമാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ഓഫീസിൽ ഒരു പോരും ഇല്ല, നല്ല മൽസരം ഉണ്ട് എന്നായിരുന്നു വാർത്ത പുറത്തുവന്നതിന് പിന്നാലെ മന്ത്രി കെഎം ഷാജി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സർക്കാരിൽ ഒരുപാട് ഉത്തരവുകൾ വരുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































