നെടുമ്പാശേരി അപകടം; രണ്ടുപേർ കൂടി അറസ്‌റ്റിൽ, മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്

കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
nedumbassery car accident-suhail sajeev
സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മറ്റു രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്‌തമായത്. ഇവർ അപകടശേഷം സംഭവ സ്‌ഥലത്ത്‌ നിന്ന് മറ്റൊരു വാഹനത്തിൽ സ്‌ഥലം വിട്ടിരുന്നു. തുടർന്ന് ഇരുവരെയും ആലപ്പുഴയിൽ നിന്നാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇരുവർക്കെതിരെയും പ്രേരണാക്കുറ്റമാണ് ചുമത്തിയത്. ഇവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.

അപകടത്തിന് കാരണം കാറിന്റെ അമിതവേഗം തന്നെയാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട് വകുപ്പ് സർക്കാരിന് സമർപ്പിച്ചു. കാറിലെ ഇലക്‌ട്രോണിക്‌സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട് സമർപ്പിക്കാൻ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, സുഹൈൽ സജീവിന് മദ്യം വിളമ്പിയ മൂന്ന് ബാറുകൾക്കെതിരെ എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ റിപ്പോർട് സമർപ്പിച്ചു. മദ്യപിക്കുന്നതിനുള്ള നിയമാനുസൃതമായ പ്രായം (23 വയസ്) തികയാത്ത സുഹൈലിന് മദ്യം നൽകിയത് ലൈസൻസ് നിബന്ധനകളുടെ ലംഘനമായതിനാൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയാണ് എക്‌സൈസ് കമ്മീഷണർക്ക് ഇന്നലെ റിപ്പോർട് സമർപ്പിച്ചത്.

വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലെ ബാറുകളിലും ഇടപ്പള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിലും കയറി മദ്യപിച്ച് ലക്കുകെട്ടാണ് സുഹൈൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. സുഹൈൽ മറ്റു ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

അതേസമയം, സുഹൈലിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ഇവർ. ഈ സമയം കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. അപകടത്തിന് ശേഷം നാട്ടുകാർ കാർ ഡ്രൈവറായ സുഹൈലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അപകട സമയത്ത് കാർ മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് വാഹനം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE