മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വണ്ടൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രോഗവ്യാപനം റിപ്പോർട് ചെയ്തത്. ഒരുമരണവും റിപ്പോർട് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ ആയിരുന്ന കാളികാവിലെ വ്യാപാരിയാണ് മരിച്ചത്.
ക്ളിക്കാവ് ജഗ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ളയൻസ് ഉടമ പെവുന്തറ സ്വദേശി അച്ചിപ്ര സത്താറാണ് (45) മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ചികിൽസയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വണ്ടൂർ- മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട് ചെയ്തത്.
രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്ചയോടെ 100 കടന്നു. തിങ്കളാഴ്ച വണ്ടൂരിൽ മാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ മഞ്ഞപ്പിത്തം റിപ്പോർട് ചെയ്തിട്ടുണ്ട്. സെപ്തംബർ ഒന്നിനും 18നുമിടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ റിപ്പോർട് ചെയ്തത്.
ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വണ്ടൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗബാധ റിപ്പോർട് ചെയ്തത്. 55 കേസുകളിലാണ് ഇവിടെ സ്ഥിരീകരിച്ചത്.
പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒമ്പത്, തൃക്കലങ്ങോട് അഞ്ച്, മമ്പാട് ഒന്ന് എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 15 പേർ ആശുപത്രികളിൽ ചികിൽസയിലാണ്. വണ്ടൂരിൽ ഒരാൾ മരിച്ചതോടെ മേഖലയിൽ ഉള്ളവർ ആശങ്കയിലാണ്. ഇതോടെ പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
Most Read| അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം



































