ദോഹ: നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പുറത്തുവിട്ട് ഖത്തർ പെട്രോളിയം. പ്രീമിയം, സൂപ്പർ പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ 5 ദിർഹം കുറഞ്ഞിട്ടുണ്ട്. ഡീസലിനും കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കുറച്ചിട്ടുണ്ട്.
പുതിയ ഇന്ധനനിരക്കുകൾ പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് 1.20 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 1.25 റിയാലുമാണ് വില. ഡീസലിന് 1.10 റിയാലാണ് വില. നേരത്തെ ഇത് 1.15 റിയാൽ ആയിരുന്നു. സെപ്റ്റംബർ മാസത്തിലെ നിരക്കുകൾ അപേക്ഷിച്ച് ഒക്ടോബർ മാസത്തിലെ നിരക്കുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് മാസത്തിലെ വിലയിൽ നിന്നും മാറ്റമില്ലാതെയായിരുന്നു സെപ്റ്റംബറിലെ വില നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ രേഖപ്പെടുത്തിയ ഇടിവാണ് ഇന്ധന വില നിയന്ത്രിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെട്രോളിയമാണ് പുതുക്കിയ ഇന്ധനവില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.
Read also: കൂലിപ്പണിക്ക് പോകാന്‍ അവധി തരണം; മാദ്ധ്യമ പ്രവര്‍ത്തകന്റെ കത്ത്