പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷാജി കൈലാസിന്റെ ഏറെ നാളുകൾക്ക് ശേഷമുള്ള ആക്ഷൻ ചിത്രമായിരിക്കും കടുവയെന്നാണ് സൂചനകൾ.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘കടുവാക്കുന്നേൽ കുറുവാച്ചൻ‘ എന്ന കഥാപാത്രത്തിന്റെ സാമ്യതകളെ ചൊല്ലി സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകനുമായി തർക്കമുണ്ടായതാണ് ഷൂട്ടിംഗ് നീണ്ടുപോകാൻ കാരണം.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട വാദം കേട്ട കോടതി സുരേഷ് ഗോപി ചിത്രത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. തിരക്കഥകൾ വിശദമായി പരിശോധിച്ച കോടതി ചിത്രത്തിന്റെ വിലക്ക് നീട്ടുകയും ചെയ്തു. ഇതോടെയാണ് ‘കടുവ’ ചിത്രീകരണത്തിന് ഒരുങ്ങുന്നത്.
നിലവില്‍ ‘ഭ്രമം‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ്. ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്റെ റീമേക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന് രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയായാൽ ഉടൻ പൃഥ്വി കടുവയുടെ സെറ്റിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ