ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി തെലുഗുദേശം പാർട്ടി രണ്ടാം സ്ഥാനത്തുണ്ട്. കോൺഗ്രസിനും ബിജെപിക്കും എവിടെയും ഇതുവരെ ലീഡ് ചെയ്യാനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
12 കോർപ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കും കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്. 12 കോർപ്പറേഷനുകളിൽ ആകെയുള്ള 671 ഡിവിഷനുകളിൽ 90 ഇടങ്ങളിലും മുൻസിപ്പൽ-പഞ്ചായത്ത് വാർഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉൾപ്പടെയുള്ള 4 മുൻസിപ്പാലിറ്റികളിലും വൈഎസ്ആർ കോൺഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു. ജഗൻമോഹൻ റെഡ്ഡി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പാണിത്.
Read also: ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; ലേലം മെയ് മാസത്തിൽ