ബത്തേരി: നഗരസഭാ പരിധിയിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ യജ്‌ഞവുമായി ബത്തേരി. ഇതിന്റെ ഭാഗമായി അധ്യാപകർ, പിടിഎ ഭാരവാഹികൾ, ഡയറ്റ് വയനാട്, ബിആർസി ബത്തേരി, ട്രൈബൽ വകുപ്പ്, പോലീസ്, എന്നിവരുടെ സംയുക്‌ത സംഘം ആർമാട് സർക്കാർ കോളനി, വെള്ളയികുടി കോളനി, പാംബ്രാമൂല കോളനി, താത്തൂർ കോളനി എന്നിവ സന്ദർശിച്ചു.
ചില കുട്ടികൾ സ്‌കൂളിൽ വരാതിരിക്കുന്നത് കാപ്പി, അടക്ക വിളവെടുപ്പ് പോലുള്ള തൊഴിൽ മേഖലകളിൽ ജോലിക്കു പോകുന്നത് കാരണമാണെന്ന് കണ്ടെത്തി. ഇവർക്ക് ജോലി നൽകുന്ന തൊഴിലുടമ, ഇവർ ജോലി ചെയ്യുന്ന തോട്ടം ഉടമ എന്നിവർക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം നടപടികൾ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷരായ ടോം ജോസ്, കെ റഷീദ്, കൗൺസിലർമാരായ പി ശംഷാദ്, ബിന്ദു രവി, പിആർ നിഷ, ഡയറ്റ് സീനിയർ ലക്‌ചറർ ഡോ. മനോജ് കുമാർ, പോലീസ് ഓഫിസർ പികെ സുഹൈൽ, എംഇസി കൺവീനർ പിഎ അബ്‌ദുൽ നാസർ, അധ്യാപകരായ കെഎസ് ജയരാജൻ, വിഎം ജോണി, പി റീന, ബിആർസി കോഓർഡിനേറ്റർ ടികെ സജിനി, എം അനീഷ എന്നിവരാണ് നേതൃത്വം നൽകിയത്.
Also Read: സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി