എറണാകുളം: മീഡിയ വൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഇന്ന് അപ്പീൽ നൽകും. മാദ്ധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് ആണ് അപ്പീൽ നൽകുക. പത്രവർത്തക യൂണിയനും, ജീവനക്കാർ അടക്കമുള്ളവരും ഹരജി നൽകും. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം.
അതേസമയം കഴിഞ്ഞ ദിവസമാണ് ചാനലിന്റെ സംപ്രേഷണ വിലക്ക് ശരി വച്ചുകൊണ്ട് കോടതി ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്രസർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്. റിപ്പോർട്ടിലെ പരാമർശങ്ങൾ ഗൗരവമുള്ളതാണെന്നും, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹരജിക്കാർ കോടതിയെ അറിയിക്കും. അതേസമയം അപ്പീൽ നൽകുന്നതിനായി സംപ്രേഷണ വിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതിനാൽ ചാനൽ സംപ്രേഷണം നിലച്ചിരിക്കുകയാണ്.
Read also: സിൽവർ ലൈൻ പദ്ധതി അനാവശ്യം; സർക്കാറിന്റെ ജനവിരുദ്ധ നീക്കമെന്ന് ദയാബായ്