ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അഞ്ചര മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.
ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. അനന്തകാലം ഒരാളെ ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്‌റ്റ് 14ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽ നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.
മാർച്ച് 21ന് ആണ് മദ്യനയ അഴിമതി കേസിൽ ആദ്യ അറസ്‌റ്റ് ഉണ്ടായത്. അന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് പത്തിന് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങിയിരുന്നു. സത്യം ജയിച്ചെന്ന് കോടതിവിധിക്ക് പിന്നാലെ എഎപി പ്രതികരിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്