നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്

By News Desk, Malabar News
League Against UDF
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്ന് നേതാക്കളും ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്നാണ് വിവരം. സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി തങ്ങളും ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീറും മാത്രമായിരിക്കും മാറി നിൽക്കുക.

അതേസമയം, രണ്ടും മൂന്നുംതവണ തുടർച്ചയായി മൽസരിച്ച ലീഗിന്റെ 9 എംഎൽഎമാർ ഇത്തവണ മൽസരിക്കില്ല. സി മമ്മൂട്ടി, പികെ അബ്‌ദുറബ്ബ്, കെഎൻഎ ഖാദർ, ടിഎ. അഹമ്മദ് കബീർ, എൻഎ നെല്ലിക്കുന്ന്, പി ഉബൈദുള്ള, എം ഉമ്മർ എന്നിവരെയാണ് മൽസരരംഗത്ത് നിന്ന് മാറ്റിനിർത്താൻ സാധ്യത.

ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പിവി അബ്‌ദുൾ വഹാബ്, സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് എന്നിവർ സ്‌ഥാനാർഥികളായേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജി വെച്ച് മൽസരിക്കുന്നതിൽ പാർട്ടിയിലും മുന്നണിയിലും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒന്നുകൂടി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

മുതിർന്ന നേതാക്കൾ മൽസരിക്കുന്നതിൽ പാർട്ടിയിൽ ഉയർന്നേക്കാവുന്ന എതിർപ്പ് മറികടക്കാൻ ഇത്തവണ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകും. യുഎ ലത്തീഫ്, പികെ ഫിറോസ്, ടിപി അഷ്‌റഫലി, ടിടി ഇസ്‌മയിൽ, സിപി ചെറിയമുഹമ്മദ്, സികെ കാസിം, കരീം ചേലേരി, പിഎംഎ സലാം, സിഎച് റഷീദ്, കെപി മുസ്‌തഫ, എംഎ സമദ്, കുറുക്കോളി മൊയ്‌ദീൻ തുടങ്ങിയവരെ നേതൃത്വം പരിഗണിക്കുന്നുണ്ട്.

നിയമനടപടി നേരിടുന്ന എംസി കമറുദ്ദീൻ, വികെ ഇബ്രാഹിംകുഞ്ഞ് എന്നിവരും മാറിനിന്നേക്കും. അതേസമയം, കെഎം ഷാജി അഴീക്കോട് തന്നെ മൽസരിക്കുമെന്നാണ് സൂചന. പെരിന്തൽമണ്ണ എം.എൽ.എ. മഞ്ഞളാംകുഴി അലി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയേക്കും.

അതേസമയം, വനിതാ ലീഗ് കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ലീഗ് മെമ്പർമാരിൽ പകുതിയും വനിതകളാണ്. എന്നാൽ, നിയമസഭാ-പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി അടുത്ത കാലത്തൊന്നും വനിതകൾക്ക് പരിഗണന നൽകിയിട്ടില്ല. സമസ്‌തയുടെ എതിർപ്പാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റെങ്കിലും വേണമെന്ന് വനിതാലീഗ് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ തവണ 24 സീറ്റുകളിലാണ് ലീഗ് മൽസരിച്ചത്. കേരള കോൺഗ്രസ് എം, എൽജെഡി എന്നീ വിഭാഗങ്ങൾ യുഡിഎഫ് വിട്ട സാഹചര്യത്തിൽ മുന്നണിയിൽ നിന്ന് കൂടുതൽ സീറ്റുകൾ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 30 സീറ്റെങ്കിലും നേടിയെടുക്കാനാണ് പാർട്ടിയുടെ ശ്രമം.

Also Read: സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE