ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപത്തിന് ശമനമില്ല. ഇതുവരെ 232 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ളാദേശ് പ്രാദേശിക മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു. ജൂലൈ 16 മുതൽ ഓഗസ്‌റ്റ് നാലുവരെ നടന്ന സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ചത് 328 പേരാണ്.
ഇതോടെ കഴിഞ്ഞ 23 ദിവസത്തിനിടെ കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി. ചൊവ്വാഴ്‌ച കാഷിംപുർ അതിസുരക്ഷാ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, ഷെയ്ഖ് ഹസീനയുടെ പലായനത്തിന് ശേഷം ബംഗ്ളാദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ന്യൂനപക്ഷ മന്ത്രാലയം സ്‌ഥാപിക്കുക, ന്യൂനപക്ഷ സംവരണ കമ്മീഷൻ രൂപീകരിക്കുക, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിന് കർശന നിയമങ്ങൾ കൊണ്ടുവരിക, പാർലമെന്റിൽ ന്യൂനപക്ഷങ്ങൾക്ക് പത്ത് ശതമാനം സംവണം നൽകുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ബംഗ്ളാദേശിൽ നിന്ന് ആയിരക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശമിക്കുന്നതോടെ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
അതിർത്തിയിലെ സ്‌ഥിതി വിലയിരുത്താനും ബംഗ്ളാദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അഞ്ചംഗ സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ളാദേശിലെ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറി. ബംഗ്ളാദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി