ബെയ്ജിങ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളില്‍ ‘കൊറോണവാക്’ കോവിഡ്19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്‍മിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനു പേര് പരീക്ഷണത്തിന്റെ ഭാഗമായി, വാക്സിൻ മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്മാന് യിന് വെയ്ഡോങ് ടെലിവിഷന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സിന് ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. രണ്ടാമത്തെ വാക്സിന് ചൈനയുടെ വാക്സിന് നയതന്ത്രം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 76.3 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ ഇതുവരെ രാജ്യത്തുടനീളം കുത്തിവെച്ചുവെന്ന് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് ഞായറാഴ്ച വ്യക്തമാക്കി. അഞ്ച് വാക്സിനുകള്‍ക്കാണ് ഇതുവരെ അടിയന്തര ഉപയോഗത്തിന് ചൈന അനുമതി നല്‍കിയിട്ടുള്ളത്.
Kerala News: കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്