ആദിവാസി മേഖലയിൽ വിദ്യാഭ്യാസം ഉറപ്പുവരുത്തും; കൊഴിഞ്ഞുപോക്ക് തടയാൻ നടപടി

By News Desk, Malabar News
Education will be ensured in the tribal areas; Action to prevent dropout

തിരുവനന്തപുരം: ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ നടപടിക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം മൂലം 2020 മാർച്ച് 10ന് അടച്ച സ്‌കൂളുകൾ 2021 നവംബർ ഒന്നിനാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളിൽ എത്തണമെന്ന നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയത്. ഈ പശ്‌ചാത്തലത്തിൽ പല കുട്ടികളും നേരിട്ട് സ്‌കൂളിൽ എത്താതെ ഓൺലൈൻ പഠനത്തിലൂടെ അധ്യയന പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്.

സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിലായി ആറ് ഹോസ്‌റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്നെണ്ണം നവംബർ മാസം മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ബാക്കിയുള്ളവ ഈ മാസം തന്നെ തുറന്നു പ്രവർത്തിക്കും. ഇടുക്കി ജില്ലയിലെ മറയൂർ, അടിമാലി, മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്നീ സ്‌ഥലങ്ങളിലായി വനാന്തര ഭാഗത്തുള്ള ഗോത്ര വിഭാഗങ്ങളിലെ ആൺകുട്ടികൾക്കായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റെഗുലർ ക്‌ളാസിൽ ഹാജരാകാത്തവരും ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാത്തവരുമായ കുട്ടികളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. ഇതുവരെ സ്‌കൂളിൽ ഹാജരാകാതിരുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിന് ട്രെയിനർമാർ, സിആർസിസിമാർ തുടങ്ങിയവർ സ്‌കൂളുകൾ സന്ദർശിച്ച് ക്‌ളാസ് ടീച്ചറുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച് പട്ടിക തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

2020- 21ലെ സർവേയിലൂടെ കണ്ടെത്തിയ ഔട്ട് ഓഫ് സ്‌കൂൾ കുട്ടികളെയെല്ലാം ഈ വർഷം വിദ്യാലയത്തിൽ വയസിന് അനുസൃതമായി ക്‌ളാസുകളിൽ ചേർത്തിട്ടുണ്ട്. 2021- 22ലെ ഔട്ട് ഓഫ് സ്‌കൂളായി കണ്ടെത്തുന്ന കുട്ടികളെ സ്‌പെഷ്യൽ ട്രെയിനിങ്ങിലൂടെ സ്‌കൂളിൽ എത്തിക്കുന്ന പദ്ധതികൾ നടപ്പാക്കി വരുന്നു. ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽനിന്ന് ദിവസേന വിദ്യാലയങ്ങളിൽ വന്നു പഠിക്കുന്ന കുട്ടികൾക്ക് യാത്രാസൗകര്യം നൽകുന്നതിനായി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 9,080 കുട്ടികൾക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

കൊഴിഞ്ഞുപോയ വിദ്യാർഥികളുടെ വിവരശേഖരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബിആർസി തല (ബ്‌ളോക്ക് റിസോഴ്‌സ്‌ കോർഡിനേറ്റർ) മീറ്റിങ് കൂടുകയും അതത് ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോയ കുട്ടികളെ കണ്ടെത്താനും നടപടിയുണ്ടാകും.

വിദ്യാർഥികളുടെ വീടുകളിൽ വിദ്യാഭ്യാസ വളണ്ടിയർമാർ, വാർഡ് മെമ്പർ, ജനമൈത്രി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിവരികയാണ്. വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കാൻ അതിജീവനം എന്ന പേരിൽ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു. ഊരുകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ഊരുവിദ്യാകേന്ദ്രങ്ങളിലും അവസ്‌ഥാ പഠനം നടത്തുകയും പഠന വിടവ് നേരിടുന്ന മേഖലകൾക്ക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.

ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലും കോവിഡിനു ശേഷം സ്‌കൂൾ തുറന്നപ്പോൾ കുട്ടികൾ സ്‌കൂളിൽ എത്തുന്നതിൽ കുറവുണ്ടാവാൻ കാരണം പല കുട്ടികളും ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കുന്നതിനാലാണ്. 698 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, 48 ഊരുവിദ്യാകേന്ദ്രങ്ങൾ, 126 സ്‌പെഷ്യൽ ട്രെയിനിങ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കി വരുന്നുണ്ട്. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കൊഴിഞ്ഞുപോയ കുട്ടികളുടെ കണക്കെടുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണെന്നും മന്ത്രി വിശദീകരിച്ചു.

Also Read: ജനങ്ങൾ സഹകരിക്കണം, സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE