കാസർഗോഡ്: വിദ്യാനഗറിലെ എൻഡോസൾഫാൻ ഇരയായ മകളുടെയും അമ്മയുടെയും ദുരിതങ്ങൾക്ക് പരിഹാരമാകുന്നു. വിദ്യാനഗറിലെ രാജേശ്വരിയമ്മയും എൻഡോസൾഫാൻ ഇരയായ അഞ്‌ജലിയുമാണ് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. എട്ട് വർഷമായി ഇരുമ്പ് കമ്പികൾ കൊണ്ട് വാതിൽ തീർത്ത് മകളെ രാജേശ്വരി അടച്ചിട്ടിരിക്കുകയാണ്. മനോനില തെറ്റുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് മകൾ അഞ്‌ജലിയെ രാജേശ്വരി അടച്ചിട്ടത്.
എന്നാൽ, ഇവർക്ക് ആശ്വാസമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. അഞ്‌ജലിയുടേ ചികിൽസയ്‌ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. ഡെപ്യൂട്ടി കളക്‌ടർ എസ് സജീദ് കഴിഞ്ഞ ദിവസം രാജേശ്വരിയുടെ വീട്ടിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിദഗ്‌ധ ഡോക്‌ടരെകൊണ്ട് അഞ്‌ജലിയെ പരിശോധിച്ച് ചികിൽസിക്കുന്നതിന് നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ വീടിനുള്ള സംവിധാനം ഒരുക്കുമെന്നും ഡെപ്യൂട്ടി കളക്‌ടർ ഉറപ്പ് നൽകി. മകളെ പരിചരിക്കേണ്ടതിനാൽ രാജേശ്വരിക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ജോലിക്ക് പോകാനാകില്ല. കുടുംബത്തിന്റെ ജീവിത ചിലവിനുള്ള തുകയ്‌ക്കായി ഒരു സ്‌പോൺസറെ കണ്ടെത്താനുള്ള ശ്രമം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കാസർഗോഡ് നിരവധി കുട്ടികളെ പോലെ അഞ്‌ജലിയും എൻഡോസൾഫാൻ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ്.
ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ചെറിയ പ്രായത്തിൽ അമ്മയ്‌ക്ക് നിയന്ത്രിക്കാൻ ആകുമായിരുന്നെങ്കിലും ഇപ്പോൾ അഞ്‌ജലി അടുത്ത് ചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കിൽ സ്വയം ശരീരത്തിൽ കടിച്ച് മുറിവേൽപ്പിക്കും. കുളിക്കാനും ആഹാരം നൽകാനും മറ്റ് കാര്യങ്ങൾക്കൊക്കെ പരസഹായം വേണം. കുളിപ്പിക്കുമ്പോഴും മകൾ ഉപദ്രവിക്കാറുണ്ട്. നിരവധി തവണ മകളുടെ ഉപദ്രവത്താൽ തറയിൽ വീണിട്ടുണ്ടെന്നും രാജേശ്വരി പറഞ്ഞു.
Most Read: പീഡനത്തിന് ഇരയായി 17കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍