കണിച്ചാർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് ജോസഫ് വിഭാഗത്തിൽ എത്തിയ ഇദ്ദേഹം ഓഫീസ് ചാർജ് കൈകാര്യം ചെയ്യുന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയുമാണ്.
ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം രാത്രി വീട്ടിലെത്തി വിശ്രമിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പേരാവൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നേരത്തെ കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡണ്ട്, പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2005-2010 കാലഘട്ടത്തിൽ കണിച്ചാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. 2015-2020ൽ കണിച്ചാർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായിരുന്നു. ഇത് രണ്ടാം തവണയാണ് ജോർജുകുട്ടി ജനവിധി തേടുന്നത്. കൊളക്കാട് നെടുംപുറച്ചാൽ സ്വദേശിയാണ്.
Read also: പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്