അലനല്ലൂർ: കനത്ത മഴയെ തുടർന്ന് വെള്ളിയാർ പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പുഴയിലെ മരക്കുറ്റിയിൽ ജഡം കുടുങ്ങി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
കാട്ടാനയുടെ ജഡം ജീർണിച്ച അവസ്‌ഥയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഒലിവർ എം ശിവകുമാറിന്റെ നേതൃത്വത്തിൽ വനപാലകരും സൈലന്റ് വാലി ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ ആനയുടെ ജഡം പുഴയിൽ നിന്ന് കരയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയാർ പുഴയിൽ അതിശക്‌തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. അട്ടപ്പാടി ചുരത്തിലും പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മന്ദംപൊട്ടി ക്രോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും തോടുകളും പുഴകളും കരകവിഞ്ഞിരുന്നു.
Most Read: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്ത് ഏറ്റുവാങ്ങി