കൃഷ്‌ണ ശങ്കർ, ദുര്‍ഗ കൃഷ്‌ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ബിലഹരി ഒരുക്കുന്ന ‘കുടുക്ക് 2025‘ ചിത്രത്തിലെ ക്യാരക്‌ടർ ടീസര്‍ പുറത്തിറങ്ങി. കൃഷ്‌ണ ശങ്കറിന്റെ ക്യാരക്‌ടർ ടീസറാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തിൽ നടൻ അജു വര്‍ഗീസ് പങ്കുവെച്ചത്.
ചിത്രത്തില്‍ ‘മാരന്‍’ എന്ന കഥാപാത്രത്തെയാണ് കൃഷ്‌ണ ശങ്കർ അവതരിപ്പിക്കുന്നത്. സിദ് ശ്രീറാം ആലപിച്ച ‘ഭൂമി’ എന്ന ഗാനമാണ് ടീസറിലുള്ളത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് ചിത്രം പറയുന്നത്. 2025 ആണ് കഥാപശ്‌ചാത്തലം.
ഷൈന്‍ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്‌ണ ശങ്കർ ‘കുടുക്കി’ൽ എത്തുന്നത്. ‘അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025‘നായി ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്. സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രത്തിന് ഈണം പകരുന്നത് ശ്രുതിലക്ഷ്‌മി ആണ്.
സിനിമയുടെ പ്രധാനപ്പെട്ട ജോലികളെല്ലാം ഇതിനോടകം പൂര്‍ത്തിയായതായി കൃഷ്‌ണ ശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. തിയേറ്റര്‍ റിലീസ് ആയിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും താരം വ്യക്‌തമാക്കിയിരുന്നു.
Most Read: മുറിച്ചു കടത്തിയത് 15 കോടിയുടെ മരങ്ങൾ, റവന്യൂ വകുപ്പിന് ഗുരുതര വീഴ്‌ച; വനം വിജിലന്‍സ് റിപ്പോർട്