വയനാട്: സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു. ദീർഘനാളത്തെ അടച്ചിടലിന് ശേഷം ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ സഞ്ചാരികളുടെ കുത്തൊഴുക്കാണ് കുറുവ ദ്വീപിൽ അനുഭവപെട്ടതെന്ന് അധികൃതർ പറഞ്ഞു. പ്രകൃതി ഭംഗിയും കുളിർമയും കൊണ്ട് മനോഹരമായ കുറുവയിലേക്ക് നിരവധി സഞ്ചാരികളായിരുന്നു എത്തിയിരുന്നത്. എന്നാൽ, സഞ്ചാരികളുടെ എണ്ണം വർധിച്ചപ്പോൾ കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം ദീർഘനാളായി അടച്ചിട്ടിരുന്നു.
പിന്നീട് സഞ്ചാരികളുടെ എണ്ണം കുറച്ച് കുറുവയിലേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. നിലവിൽ ഒരേസമയം നൂറ് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നര വരെയാണ് പ്രവേശന സമയം. അഞ്ചുമണിക്ക് ദ്വീപ് അടക്കും. ദ്വീപിൽ സുരക്ഷയ്‌ക്കായി കൂടുതൽ ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, മൂന്ന് മാസം മുൻപ് കോവിഡ് വന്നുപോയവർ എന്നിവർക്കാണ് പ്രവേശനം.
ജിഎസ്‌ടി ഉൾപ്പടെ 94.40 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസമായ ഇന്നലെ മുതൽ തന്നെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നടക്കം ഇവിടേക്ക് ആളുകൾ എത്തിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ അതീവ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, നീരൊഴുക്ക് കൂടുതലായതിനാൽ ഉപദ്വീപുകളിലേക്ക് ഇപ്പോൾ പ്രവേശനം ഇല്ല. അപൂർവ ഓർക്കിഡുകളും, പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും മനോഹരമായ പാറക്കെട്ടുകളും അതിനിടയിലൂടെയുള്ള നീരൊഴുക്കുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Most Read: സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ