ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മരിച്ചവരുടെ കുടുബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയ സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്. വിഷമദ്യ ദുരന്തത്തിന് കാരണം സംസ്‌ഥാന സർക്കാരിന്റെ അനാസ്‌ഥയാണെന്ന് കോടതി നിരീക്ഷിച്ചു.
നഷ്‌ടപരിഹാരം നൽകിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹരജി പരിഗണിക്കവെയാണ് വിമർശനം. ദുരന്ത സാഹചര്യം തരണം ചെയ്യാനാണ് കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ എന്തിന് പ്രോൽസാഹിപ്പിക്കണമെന്ന് ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് ആർ മഹാദേവൻ ചോദിച്ചു.
‘നിങ്ങൾ പത്ത് ലക്ഷം കൊടുക്കുന്നു. എന്നാൽ ഇത് പ്രോൽസാഹനം മാത്രമാണ്. ഒരാൾ അപകടത്തിൽ മരിച്ചാൽ നിങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാം. എന്നാൽ, ഇത് അങ്ങനെയൊരു സാഹചര്യമല്ല. പത്ത് ലക്ഷം അധികമാണ്. നിങ്ങൾ സെക്രട്ടറിമാരോടൊപ്പം ഇരുന്ന് ആലോചിക്കൂ. ഇതിന് മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തേണ്ടതുണ്ട്’- കോടതി പറഞ്ഞു. കേസ് രണ്ടാഴ്‌ചത്തേക് മാറ്റി.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി