ന്യൂഡെൽഹി: മണിപ്പൂർ കലാപക്കേസിലെ അന്വേഷണത്തിൽ സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത് കേന്ദ്രം. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതി മേൽനോട്ടം വഹിക്കുന്നതിനോട് യോജിപ്പെന്ന് അറിയിച്ചത്. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ മെയ് മുതൽ സ്‌ത്രീകൾക്കെതിരായ അതിക്രമത്തിൽ എത്ര എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
അതേസമയം, സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌ത കേസ് അന്വേഷണം സിബിഐക്ക് വിട്ടുനൽകുന്നതിനെതിരെ ഇരകളായ സ്‌ത്രീകൾ എതിർപ്പ് അറിയിച്ചു. കേസ് അസമിലേക്ക് മാറ്റുന്നതിനെയും ഇവർ എതിർത്തു. സിബിഐക്ക് പകരം സ്വതന്ത്ര്യ അന്വേഷണം വേണമെന്നാണ് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, കേസിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്യുകയും വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്‌മൂലം സമർപ്പിക്കുകയും ചെയ്‌തിരുന്നു. മണിപ്പൂരിലെ വിവാദ വീഡിയോ വളരെയധികം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മണിപ്പൂർ കലാപം തുടരവേ വിഷയത്തിൽ അടിയന്തിര പരിഹാരവും പുനരധിവാസവും പ്രതിരോധ നടപടികളും സ്വീകരിക്കാനും, നടപടികൾ അറിയിക്കാനും കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി