
കൊച്ചി: ഭിന്നശേഷി വിഭാഗങ്ങളുടെ പെൻഷൻ വർധനവ് സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇവരുടെ ആവശ്യങ്ങൾ പലതും ന്യായമാണെന്നും സർക്കാർ അത്തരം കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വിഇ അബ്‌ദുൽ ഗഫൂർ പറഞ്ഞു.
കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് (കെഎഫ്‍ബി) യൂത്ത് ഫോറം പന്ത്രണ്ടാമത് സംസ്‌ഥാന വാർഷിക പൊതുസമ്മേളനം കളമശ്ശേരി SCMS കോളേജിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്. കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎഫ്‍ബി സംസ്‌ഥാന സെക്രട്ടറി വിനോദ് ബി. സംഘടനാ റിപ്പോർട് അവതരിപ്പിച്ചു.
ദേശീയ സംഘടനായ ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന, കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ്, കാഴ്‌ച വെല്ലുവിളി നേരിടുന്നവരുടെ പുരോഗതിക്കായി 1967ൽ രൂപം നൽകിയ സംസ്‌ഥാന സംഘടനയാണ്. തിരുവനന്തപുരം ആസ്‌ഥാനമായ സംഘടനയുടെ മുഖ്യ ലക്ഷ്യം, കാഴ്‌ച പരിമിതിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നൽകി സമൂഹത്തിൽ അന്തസോടെയും സ്വതന്ത്രമായും ജീവിക്കാൻ പ്രാപ്‌തരാക്കുക എന്നതാണ്.
വാർഷിക പൊതുസമ്മേളനത്തിൽ ഭാരവാഹികളായ കെജെ വർഗീസ്, അലി പുല്ലാര, ജി മണികണ്‌ഠൻ, വിജയകുമാരി, കെ വൈഷ്‌ണവ്, സലിം കെബി, അൻസാർ എ, രാജേഷ് പിആർ തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

































