വാഷിംഗ്‌ടൺ : യുഎസിലെ ഡെൻവറിൽ നിന്നും യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന് ആകാശത്തു വച്ച് എഞ്ചിൻ തകരാർ സംഭവിച്ചതോടെ സുരക്ഷിതമായി ലാൻഡ് ചെയ്‌തു. 200ൽ അധികം യാത്രക്കാരുമായി യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം ഡെൻവറിൽ നിന്നും ഹവായിലേക്ക് പോകുന്നതിനിടെയാണ് സംഭവം. എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനത്തിന്റെ ഒരു ഭാഗം അടർന്ന് താഴേക്ക് പതിച്ചെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്‌തമാക്കി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
231 യാത്രക്കാരും, 10 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ തീ പടർന്നപ്പോൾ തന്നെ ലാൻഡ് ചെയ്‌തുവെന്നും, അതിനാൽ വലിയ അപകടം ഉണ്ടാകാതെ യാത്രക്കാരെ എല്ലാം സുരക്ഷിതരാക്കാൻ കഴിഞ്ഞുവെന്നും വിമാനക്കമ്പനി അധികൃതർ വ്യക്‌തമാക്കി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യാത്രയാക്കിയതായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. കൂടാതെ ഉടൻ തന്നെ യാത്ര ചെയ്യാൻ താൽപര്യമില്ലെന്ന് അറിയിച്ച യാത്രക്കാർക്കായി താമസസൗകര്യവും വിമാനക്കമ്പനി ഏർപ്പാടാക്കി.
Read also : ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ ലാഭമുണ്ടാക്കരുത്; മോദിക്ക് സോണിയാ ഗാന്ധിയുടെ കത്ത്