ന്യൂഡെൽഹി: രാജ്യത്തെ ക്രമാതീതമായ ഇന്ധനവില വർധനവിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണമെന്നും ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കാൻ ശ്രമിക്കരുതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
‘ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസൽ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കർഷകരുടെ കൂടുതൽ ദുരിതത്തിലാക്കി. ക്രൂഡ് ഓയിലിന് അന്താരാഷ്‍ട്ര വിപണിയിൽ സാധാരണ വില ആയിരിക്കെയാണ് ഇന്ത്യയിൽ ഇന്ധന വില വർധിപ്പിക്കുന്നത്’, സോണിയാ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന തരത്തിലാണ് പ്രതിദിനം ഇന്ധനവില രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇന്ധന വിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കത്തിക്കയറുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
Read also: ’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്