തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകുമെന്ന് എ വിജയരാഘവൻ അറിയിച്ചു.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നതിന് പിന്നാലെ ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചിരുന്നു. കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു കഴിഞ്ഞ ജനുവരി 11ന് ജോസ് കെ മാണി രാജിവെച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി 2024 ജൂലൈ 1 വരെയാണ്.
നേരത്തെ എൽജെഡി, യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ രാജ്യസഭാ സീറ്റ് രാജിവെച്ചായിരുന്നു വന്നത്. ഇത് പോലെ തന്നെയായിരുന്നു ജോസ് കെ മാണിയുടെ വരവും. രാജിവെച്ച ഒഴിവ് മൂലം ഉണ്ടാകുന്ന രാജ്യസഭാ സീറ്റ് അവർക്ക് തന്നെ നൽകുന്ന കീഴ്‌വഴക്കമാണ് എൽഡിഎഫ് എൽജെഡിയോട് സ്വീകരിച്ചിരുന്നത്. ഈ മാനദണ്ഡം ജോസ് കെ മാണിക്കും ബാധകമായിരിക്കും എന്നാണ് വിവരം.
നവംബർ 29നാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ് ഞാപനം ഇറങ്ങും. 16നാണ് നാമനിർദ്ദേശ പത്രികാ സമർപ്പണം. നവംബർ 22 വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ടാകും.
Also Read: കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി