തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ടുള്ള മഴ. 1901 മുതലുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വർഷം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 589.9 മില്ലിമീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1999ൽ ലഭിച്ച 566 മില്ലിമീറ്റർ മഴയായിരുന്നു ഏറ്റവും കൂടുതൽ.
സംസ്‌ഥാനത്ത് ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 60 ശതമാനം കൂടുതൽ ഇതിനകം ലഭിച്ചു കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 866.9 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ട ജില്ലയിൽ ലഭിച്ചത്. കൂടാതെ ഇടുക്കി- 710.5, കൊല്ലം- 644.7, കോഴിക്കോട്- 625.4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
സാധാരണയായി ഒക്‌ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 491.6 മില്ലിമീറ്റർ മഴയാണ് സംസ്‌ഥാനത്ത് ശരാശരി ലഭിക്കേണ്ടത്. എന്നാൽ ഇതിൽ കൂടുതൽ മഴ ഇത്തവണ ഒക്‌ടോബർ മാസത്തിൽ തന്നെ പെയ്‌തു കഴിഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
Read also: നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ഉത്തരവ്