നാഗ്പുർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ ബാഹ്യശക്തികളുടെ ഇടപെടൽ മൂലമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭരണമാറ്റത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അധികാരമോഹിയായ നേതാക്കളുടെ പിന്തുണ അവയ്ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഗ്പുരിൽ നടന്ന ആർഎസ്എസിന്റെ വിജയദശമി ആഘോഷത്തിനിടെ ആയിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. രാജ്യത്ത് അസ്ഥിരതയും ഭരണമാറ്റവും ലക്ഷ്യമിട്ട് പാശ്ചാത്യ ശക്തികൾ ശ്രമം നടത്തുന്നു. പ്രതിഷേധങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കാൻ വഴിവിട്ട തരത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാവരുത്. സമവായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ ഉയർന്നുവരുന്നതിൽ താൽപര്യമില്ല. ഇന്ത്യയെയും ഹിന്ദുക്കളെയും സംഘപരിവാറിനെയും എങ്ങനെ തകർക്കാമെന്നാണ് ‘പൈശാചിക ശക്തികൾ’ ചിന്തിക്കുന്നത്. ഇതിനായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും പ്രവർത്തിക്കുന്നതും. ചില ആളുകൾ, ഈ ശ്രമത്തിൽ അവരെ സഹായിക്കാൻ ഒത്തുചേരുന്നു.
അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടത്. ഇന്ത്യയെ നീച ഉദ്ദേശ്യങ്ങളിൽ നിന്ന് രക്ഷിക്കണം. ഭരണമാറ്റം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കില്ല. ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകില്ല, ഫ്രാൻസ്, ബംഗ്ളാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ത്യയിലും അത്തരം ശ്രമങ്ങൾ തുടരുകയാണ്. എന്നാലിവിടെ ഭരണമാറ്റം സംഭവിക്കില്ല. ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവുകയാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി





































