പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം

By News Desk, Malabar News

പെരിന്തൽമണ്ണ: സൗദിയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി അബ്‌ദുൽ ജലീലിനെ അബോധാവസ്‌ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യ സൂത്രധാരനെന്ന് പോലീസ്. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

പരിക്കേറ്റ് അബോധാവസ്‌ഥയിലായ ജലീലിനെ ഒരാൾ ഒറ്റക്ക് കാറിൽ ആശുപത്രിയിൽ എത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഊട്ടി റോഡ് ഭാഗത്തുനിന്ന് ആശുപത്രിയിലേക്കു കയറിയ കാറിന്റെ ഡ്രൈവിങ് സീറ്റില്‍നിന്ന് പാന്റ്സും ഷര്‍ട്ടും ധരിച്ചയാള്‍ പുറത്തിറങ്ങി. ആശുപത്രി ജീവനക്കാരന്‍ ജലീലിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ജീവനക്കാരന്റെകൂടി സഹായത്തോടെ സ്‌ട്രച്ചറിലേക്ക് മാറ്റുകയായിരുന്നു. ഈ സമയമെല്ലാം യഹിയ നോക്കി നിൽക്കുകയായിരുന്നു.

വ്യാഴാഴ്‌ചയാണ് മേലാറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ആക്കപറമ്പില്‍ റോഡരികില്‍ പരിക്കേറ്റുകിടന്നതായി കണ്ടുവെന്നുപറഞ്ഞ് ഒരാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ജലീലിനെ എത്തിച്ചത്. ക്രൂര മർദ്ദനത്തിനിരയായ ജലീലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. വ്യാഴാഴ്‌ച രാത്രിതന്നെ ജലീല്‍ മരിച്ചു. മൃതദേഹം വെള്ളിയാഴ്‌ച പോലീസ് പരിശോധന നടത്തിയശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ പോലീസ് സര്‍ജന്റെ പരിശോധനക്ക് ശേഷം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 9.30ഓടെ പോലീസ് തുടങ്ങിയ മൃതദേഹ പരിശോധന 12.30ഓടെയാണ് പൂര്‍ത്തിയായത്.

ക്രൂരമായ പീഡനത്തിനും മര്‍ദനത്തിനും ജലീല്‍ ഇരയായതായാണ് സൂചന. പുറംചുമല്‍ ഭാഗത്താണ് ഏറെയും മുറിവുകള്‍. തലയിലും ആഴത്തില്‍ മുറിവുണ്ട്. കാലിലും തുടയിലും കരിവാളിച്ച പാടുകളും പലയിടങ്ങളിലായി മർദ്ദനമേറ്റതിന്റെ അടയാളങ്ങളുമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി കെഎം ബിജു, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്‌ടർമാരായ ഷാരോണ്‍, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

Most Read: ‘ജനപിന്തുണയോടെ സിൽവർ ലൈൻ നടപ്പാക്കും’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE