ഫ്രീ വിസയില്‍ പിരമിഡുകളുടെ നാട് കാണാം; ഒക്ടോബര്‍ 31 വരെ

By News Desk, Malabar News
Low cost tour to Egypt
Representational image
Ajwa Travels

വിനോദ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഈജിപ്ത് ടൂറിസം മേഖല പുനരാരംഭിക്കുന്നു. വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ അടുത്ത മാസം മുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈജിപ്ത്. വിനോദ സഞ്ചാര രംഗത്ത് നിരവധി ഇളവുകളോടെയാണ് അന്താരാഷ്ട്ര സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ രാജ്യം സ്വാഗതം ചെയ്യുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി ഈജിപ്തില്‍ നടപ്പിലാക്കിയ നടപടികളുടെ ഭാഗമായിരുന്നു യാത്രാ നിയന്ത്രണങ്ങള്‍. അണുബാധയുടെ തോത് കുറഞ്ഞതിനാല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് മടക്കികൊണ്ടുവരാനാണ് ഇളവുകള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിസ ഫീസ് ഒക്ടോബര്‍ 31 വരെ താല്‍കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.

ടൂറിസം ഈജിപ്ഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗമാണ്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉയര്‍ത്തി കൊണ്ട് വരാനുള്ള ശ്രമത്തിലാണ് രാജ്യം. ക്രൈസ്തവ, ജൂത, ഇസ്ലാം മതവിശ്വാസികള്‍ ധാരാളം സന്ദര്‍ശിക്കാറുള്ള തീര്‍ത്ഥാടന മേഖലയാണ് ഈജിപ്ത്. വര്‍ഷം തോറും ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഈജിപ്തിന്റെ മറ്റു ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ചെങ്കടല്‍, മാര്‍സാ മാട്രൂ തുറമുഖം, പ്രശസ്ത ഈജിപ്ഷ്യന്‍ നഗരമായ ശരം എല്‍-ഷെയ്ഖ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ സീനായിലേക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും. ദക്ഷിണ സീനായിയുടെ വിസ ഒക്ടോബര്‍ 30 വരെയാണ് ഒഴിവാക്കിയിരിക്കുന്നത്.

രാജ്യത്തെ ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷിതത്വം ഒരുപോലെ ഉറപ്പ് വരുത്തുന്ന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശനമായ സുരക്ഷാ പരിശോധനകളോടെയും മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയും മാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കുകയുള്ളൂ. താമസിക്കുവാനുള്ള ഹോട്ടല്‍ സന്ദര്‍ശകര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യണം. ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ടലുകളിലെ ജീവനക്കാരും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാവണം. നിരവധി ആളുകള്‍ ഒത്തുചേരുന്ന വിവാഹം, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ ഹോട്ടലുകളില്‍ നടത്താന്‍ അനുവദിക്കില്ല. താമസക്കാര്‍ക്ക് കൊറോണ ബാധ ഉണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ പാലിക്കുന്നതിനായി പ്രത്യേക ഇടവും സജ്ജീകരിക്കണം.

മാര്‍ച്ചില്‍ രാജ്യത്ത് സമ്പൂര്‍ണ വിമാന നിരോധനം നടപ്പാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് പിന്‍വലിച്ചു. ഈജിപ്ത് എയര്‍, എയര്‍ ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ അന്തര്‍ദേശീയ ഭാഗങ്ങളിലേക്കുള്ള ഒന്നിലധികം ഫ്‌ലൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ ഈജിപ്തിലെ പുരാവസ്തു മന്ത്രാലയം എല്ലാ മ്യൂസിയങ്ങള്‍ക്കും പുരാവസ്തു സ്ഥലങ്ങള്‍ക്കും പ്രവേശന ഫീസ് പകുതിയായി കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ‘ഗിസാ നെക്രോപോളിസ്’ (ഏഴു പുരാതന ലോകാത്ഭുതങ്ങളില്‍ ഒന്ന്) മാത്രം സന്ദര്‍ശിക്കാനായി നിരവധി സഞ്ചാരികള്‍ രാജ്യത്ത് എത്താറുണ്ട്. കൂടാതെ 3000 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന മെഡിറ്ററേനിയന്‍ കടല്‍, ഗള്‍ഫ് ഓഫ് അകാബ ബീച്ചുകള്‍, മാര്‍സ ആലം തുടങ്ങി നിരവധി കാഴ്ചകളാണ് ഫറോവയുടെ നാട്ടില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE