തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. നർക്കോട്ടിക് സെൽ അസി. കമ്മീഷണറാണ് രാവിലെ പത്തുമണിക്ക് ഹാജരാകണമെന്ന് സിദ്ദിഖിന് നോട്ടീസ് നൽകിയത്.
കേസിൽ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്റെ മുൻകൂർ ജാമ്യഹരജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദവാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് ഇ-മെയിൽ വഴി അറിയിച്ചത്.
സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇരുകൂട്ടരും എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്.
തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിയത് സിദ്ദിഖിന് വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെ ഒളിവിൽപ്പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താൽക്കാലിക മുൻകൂർ ജാമ്യം സുപ്രീം കോടതി അനുവദിച്ചതോടെ 7 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം സിദ്ദിഖ് പുറത്തുവന്നു.
Most Read| മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ; മുഹമ്മദ് മുയിസു