നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന. റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ് പിഎസ് ഗോപിനാഥൻ താക്കീത് നൽകിയത്. നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഊർങ്ങാട്ടേരി പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നും ഉത്തരവിൽ പറയുന്നു. നിലമ്പൂരിലെ എംവി വിനോദ് സമർപ്പിച്ച പരാതിയിലാണ് നടപടി.
റസ്‌റ്റോറന്റ് നിർമിക്കാൻ അനുമതി നേടിയതിന്റെ മറവിലാണ് ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പിവി അൻവറിന്റെ ഭാര്യാപിതാവ് സികെ അബ്‌ദുൽ ലത്തീഫ് നിയമവിരുദ്ധമായി റോപ് വേ നിർമിച്ചത്. ഇത് പൊളിച്ചുമാറ്റി നവംബർ 30ന് റിപ്പോർട് ചെയ്യണമെന്ന് കാണിച്ച് സെപ്റ്റംബർ 22ന് ഓംബുഡ്‌സ്‌മാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചിട്ടും റോപ് വേ പൊളിച്ചുമാറ്റാനുള്ള നടപടികൾ ഒന്നും ആരംഭിക്കാത്ത സാഹചര്യത്തിലാണ് ഓംബുഡ്‌സ്‌മാൻ പിഴ ചുമത്തുമെന്ന അന്ത്യശാസന നൽകിയിരിക്കുന്നത്.
അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ ജനുവരി 25ന് റിപ്പോർട് ചെയ്യണമെന്നും അല്ലാത്തപക്ഷം ഊർങ്ങാട്ടേരി പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് പുതിയ ഉത്തരവ്. അതേസമയം, സികെ അബ്‌ദുൽ ലത്തീഫിന് അയച്ച രണ്ട് നോട്ടീസും മേൽവിലാസക്കാരൻ ഇല്ലെന്ന് പറഞ്ഞ് മടങ്ങിയെന്നും മൂന്നാമത്തെ നോട്ടീസ് ഇക്കഴിഞ്ഞ 26ന് കൈപ്പറ്റിയെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Most Read: തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന