ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നും ഡെൽഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കർഷകർ റാലിയിൽ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് റാലി ആരംഭിക്കുക.
ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഉച്ചക്ക് ചേരുന്ന പൊതുയോഗത്തിന് ശേഷമാണ് വാഹനറാലി ആരംഭിക്കുക. 20 ജില്ലയിൽ നിന്നുള്ള കർഷകർ നാസിക്കിൽ ഒത്തുകൂടും. നാസിക്കിൽ നിന്നും 1,266 കിലോമീറ്റർ സഞ്ചരിച്ച് ഡെൽഹിയിലെ രാജസ്‌ഥാൻ-ഹരിയാന അതിർത്തിയിൽ ഡിസംബർ 24ന് എത്തി കർഷക സമരത്തിൽ അണിചേരും.
നാസിക്കിൽ 1.20ന് ചേരുന്ന പൊതുയോഗത്തിന് ശേഷം വാഹനജാഥ ആരംഭിക്കും. 5,000 കർഷകർ റാലിയിൽ പങ്കെടുക്കും. മഹാരാഷ്‌ട്ര വരെ നിരവധി പേർ റാലിയിൽ അണിനിരക്കും. 2,000ത്തോളം കർഷകർ ഡെൽഹിയിലേക്ക് തിരിക്കുകയും പ്രക്ഷോഭത്തിൽ പങ്കുചേരുകയും ചെയ്യും, എഐകെഎസ് നേതാവ് അശോക് ധവാലെ അറിയിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുകയാണ് വാഹനജാഥയുടെ ലക്ഷ്യമെന്നും കർഷക നേതാക്കൾ വ്യക്‌തമാക്കി. നിലവിൽ പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്ന കർഷകരിൽ ഭൂരിഭാഗവും. കാർഷിക നിയമത്തിന് എതിരെ മഹാരാഷ്‌ട്രയിൽ നിന്നുള്ള കർഷകരുടെ എതിർപ്പ് കൂടി അറിയിക്കുകയാണ് വാഹന ജാഥയുടെ ലക്ഷ്യം.
Read also: അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍