കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കാനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ് മറ്റൊരു മൃതദേഹം കണ്ടത്.
കരിക്കോട്ടക്കരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 38ആം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായയിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹങ്ങൾ സംസ്കരിക്കാറില്ല.
ഇതോടെയാണ് പള്ളി അധികൃതർ പോലീസിൽ വിവരം അറിയിച്ചത്. 38ആം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരുടെ പട്ടിക പള്ളി അധികൃതർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുടുംബ കല്ലറ ഇല്ലാത്ത പള്ളിയിൽ 2019ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു.
നവീകരണത്തിന് ശേഷം കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകി. പഴയ നമ്പറുകളിൽ പലതിനും മാറ്റം സംഭവിച്ചു. ഇതോടെ, കല്ലറകളുടെ നമ്പറിലെ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ഇടവക സെമിത്തേരിയിൽ അടക്കം ചെയ്ത 93 പേരുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് പള്ളിയുടെ തീരുമാനം.
Most Read| മൈക്രോ ഫിനാൻസ് അഴിമതി; മൂന്നാഴ്ചയ്ക്കകം റിപ്പോർട് നൽകണമെന്ന് ഹൈക്കോടതി



































