കോലാപുർ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത് ഷായുടെ ആരോപണം.
ഇന്ത്യ ഒരു ധർമശാല അല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കോൽഹാപൂരിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ പരാമർശം. ”ഷിൻഡെ വിഭാഗത്തിന് പാർട്ടിയുടെ പേര് മുൻപ് വേറെ പറയേണ്ടി വന്നിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറി. ഇപ്പോൾ വിഭാഗമില്ല. ഒരു ശിവസേന മാത്രമേയുള്ളൂ. അത് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ്”- അമിത് ഷാ പറഞ്ഞു.
ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആറ് ലോക്സഭാ എംപിമാർ താക്കറെയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ടെന്നും അവർ ഭരണകക്ഷിയായ ശിവസേനയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോക്സഭയിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന് ഒമ്പത് എംപിമാരാണ് ഉള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരൊഴികെ സഞ്ജയ് ജാദവ്, ബാവുസാഹേബ് വാക് ചൗരെ, നാഗേഷ് പാട്ടീൽ അഷ്ടികൾ, ഓംരാജെ നിംബാൽക്കർ, സഞ്ജയ് പാട്ടീൽ, എന്നിവരാണ് ഉദ്ധവ് ക്യാമ്പ് വിട്ട എംപിമാർ.
Most Read| തോട് വൃത്തിയാക്കുമ്പോൾ ലഭിച്ചത് പ്ളാസ്റ്റിക് ടിൻ; തുറന്നപ്പോൾ ഞെട്ടി!





































