വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന കാട്ടാനയെ തളച്ചത്. തുടർന്ന് ഇന്നലെയോടെയാണ് ആനക്കൊട്ടിലിലേക്ക് മാറ്റിയത്.
അവശ നിലയിൽ ആയിരുന്നതിനാൽ മയക്കുവെടി വെക്കാതെയാണ് ആനയെ തളച്ചത്. മുതുമല കടുവ സങ്കേതത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ മയക്കുവെടി വെക്കാതെ ആനയെ തളക്കാൻ സാധിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. ആനകൾ തമ്മിലുണ്ടായ കുത്തുകൂടലിലാണ് മുറിവ് പറ്റിയതെന്ന് കരുതുന്നു. ഏകദേശം 8 മാസക്കാലമായി മുറിവുമായി ആന ഈ പ്രദേശത്ത് അലഞ്ഞു നടക്കുകയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കി.
ആനയെ തളച്ചത് മുതൽ വനംവകുപ്പ് ഡോക്‌ടർമാർ ചികിൽസ നൽകി തുടങ്ങി. ചികിൽസക്കായി ഡോക്‌ടർമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചികിൽസ പൂർത്തിയായ ശേഷം ആനയുടെ ആരോഗ്യ നില പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കടുവ സങ്കേതം ഫീൽഡ് ഡയറക്‌ടർ കെകെ കൗശൽ വ്യക്‌തമാക്കി.
Read also : കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു