ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്.
യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടെയ്‌ൻമെന്റ്, മേക്കേഴ്‌സ് ഇന്ത്യ എന്നീ സ്‌ഥാപനങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുകയും ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാദ്ധ്യമ സ്‌ഥാപനങ്ങള്‍ക്ക് വിദേശ നിക്ഷേപത്തിന് പരിമിതികളുണ്ട്. അമേരിക്ക ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വെറൈസണ്‍ എന്ന കമ്പനി 2017ല്‍ യാഹൂവിനെ ഏറ്റെടുത്തിരുന്നു. അതേസമയം പ്രവർത്തനം നിർത്തലാക്കുന്നതായുള്ള തീരുമാനത്തിലേക്ക് തങ്ങള്‍ പെട്ടെന്ന് എത്തിച്ചേർന്നതല്ലെന്നും പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ പ്രകാരം നേരത്തെ തന്നെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടായിരുന്നു എന്നും കമ്പനി അറിയിച്ചു.
2021 ഓഗസ്‌റ്റ് 26 മുതല്‍ യാഹൂ ഇന്ത്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. എന്നാല്‍ നിങ്ങളുടെ യാഹൂ അക്കൗണ്ടിനേയും മെയിലിനേയും സെര്‍ച്ച് എഞ്ചിനേയും ഇത് ബാധിക്കില്ലെന്നും നേരത്തേയുള്ളത് പോലെ അവ പ്രവര്‍ത്തിക്കുമെന്നും യാഹൂവിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ അധികൃതർ പറഞ്ഞു. ഇതുവരെ നൽകിയ പിന്തുണയ്‌ക്ക് യാഹൂ വായനക്കാർക്ക് നന്ദി അറിയിക്കുന്നുമുണ്ട്.