തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൂടാതെ ആവശ്യമെങ്കിൽ ആളുകളുടെ എണ്ണത്തിൽ മാറ്റം വരുത്തുമെന്നും യോഗത്തിൽ തീരുമാനമായി.
വെർച്വൽ ക്യൂ സംവിധാനം വഴിയായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുക. കൂടാതെ 10 വയസിൽ താഴെയുള്ള കുട്ടികൾക്കും, 65 വയസിന് മുകളിൽ ഉള്ളവർക്കും ഇത്തവണ ശബരിമലയിൽ പ്രവേശനം ഉണ്ടായിരിക്കും. അതേസമയം തന്നെ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും ആയിരിക്കും പ്രവേശന അനുമതി ഉണ്ടാകുകയെന്നും യോഗത്തിൽ തീരുമാനമായി.
പമ്പയിൽ സ്‌നാനത്തിന് ഇത്തവണ അനുമതി നൽകും. അഭിഷേകം ചെയ്‌ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണമെന്നും യോഗം നിർദ്ദേശം നൽകി. കൂടാതെ ദർശനം കഴിഞ്ഞതിന് ശേഷം സന്നിധാനത്ത് തുടരാൻ അനുവദിക്കില്ലെന്നും, എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർഥാടകരെ അനുവദിക്കില്ലെന്നും യോഗത്തിൽ അധികൃതർ വ്യക്‌തമാക്കി.
കോവിഡ് മുക്‌തരിൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ ആരോഗ്യ സ്‌ഥിതി പരിശോധിച്ച ശേഷമേ ദർശനത്തിന് എത്താൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. തീർഥാടകരുടെ വാഹനങ്ങൾ നിലയ്‌ക്കൽ വരെയാണ് അനുവദിക്കുക. തുടർന്ന് അവിടെ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോകണമെന്നും, അതിനായി വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനിച്ചു.
Read also: പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു