ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഹാപൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അംജദ് എന്ന 38കാരനെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഹിന്ദുസ്‌ഥാന്‍ ടൈംസ് റിപ്പോര്‍ട് ചെയ്‌തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പോലീസ് വ്യക്‌തമാക്കി.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതിയുടെ വീട്. വ്യാഴാഴ്‌ച സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നെന്ന് ഹാപുര്‍ എസിപി സര്‍വേശ് മിശ്ര പറഞ്ഞു. വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നെന്നും പോലീസ് പറഞ്ഞു. ഈ സമയം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കുകയും നാട്ടുകാരും വീട്ടുകാരും ചേർന്ന് പ്രദേശമാകെ തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ ശനിയാഴ്‌ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ക്ക് സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്.
അതേസമയം പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ത്രിലോക്പുരിയില്‍ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ദേശീയ വാദികള്‍ക്ക് വേണ്ടി ഇനിയും പ്രചാരണം നടത്തും’; കങ്കണ റണൗട്ട്