പാലക്കാട്: ജില്ലയിൽ വാക്സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 1,082 പേർക്ക് സമ്പർക്കം വഴിയാണ് രോഗവ്യാപനം. 660 കേസുകളുടെ ഉറവിടവും വ്യക്തമല്ല. 21.16 ശതമാനമാണ് ഇന്നലത്തെ ടിപിആർ നിരക്ക്.
നിലവിൽ ജില്ലയിൽ മൊത്തം 12,044 പേരാണ് ആകെ കോവിഡ് ബാധിതരുള്ളത്. ഇതിൽ 8,178 പേരും സമ്പർക്കം വഴി കോവിഡ് ബാധിച്ചവരാണ്. അതേസമയം കോവിഡ് ബാധിതരിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണവും വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. ജില്ലയിൽ കോവിഡ് പരിശോധനകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. ദിവസവും 10,000ന് മുകളിലാണ് പരിശോധനകൾ നടക്കുന്നത്. പരിശോധനകൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനും നടപടിയായി.
അതേസമയം, ജില്ലയിലെ ആകെ ജനസംഖ്യ 30,85770 ആണ്. ഇതിൽ 18 വയസിന് മുകളിലുള്ള 23,86,864 പേരിൽ 19,25,269 പേർ വാക്സിൻ സ്വീകരിച്ചു. ഇതിൽ ആദ്യഡോസ് സ്വീകരിച്ചത് 14,46,893 പേരും, രണ്ടാം ഡോസ് സ്വീകരിച്ചത് 4,78,376 പേരുമാണ്. ജില്ലയിൽ ആകെ 80.66 ശതമാനം പേർ കുത്തിവെപ്പ് എടുത്തു. 60.61 ശതമാനം പേർ ആദ്യ ഡോസും 20.04 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കുമെന്നും, സമ്പർക്കപ്പട്ടിക വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read Also: കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്