പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ കോയമ്പത്തൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ആലത്തൂർ സ്കൂളിലെ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. തുടർന്ന് ഇവർക്കായുള്ള അന്വേഷണം പോലീസ് നടത്തിവരികയായിരുന്നു.
കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിർത്തി കടന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പൊള്ളാച്ചി, വാൾപ്പാറ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. കാണാതായ ദിവസം ഇവർ പാലക്കാട് നഗരത്തിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കൂട്ടത്തിൽ ഒരാളുടെ കൈയിൽ മാത്രമാണ് മൊബൈൽ ഫോണുണ്ടായിരുന്നത്. എന്നാൽ, കാണാതായ അന്ന് വൈകിട്ട് മുതൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.
ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. അതേസമയം, കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. കുട്ടികളെ കൂടുതൽ ചോദ്യം ചെയ്ത് വീട് വിട്ട് പോകാനുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യ, സിഐ റിയാസ് ചാക്കീരി, എസ്ഐ എംആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Most Read: റേഡിയോളജി വിഭാഗങ്ങള്‍ ഉടൻ സമ്പൂര്‍ണ ഡിജിറ്റലാവും: ആരോഗ്യമന്ത്രി



































