സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം (കെജിഎഫ്-2) ഏപ്രിൽ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.
റിലീസ് പ്രഖ്യാപനത്തോടൊപ്പം പുറത്തിറക്കിയ ‘റോക്കി ഭായ്’യുടെ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപായത്തിന്റെ സിമ്പലിനൊപ്പം മാസ് ലുക്കിലുള്ള യാഷിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
Caution ⚠️ Danger ahead !
Happy Birthday my ROCKY @Thenameisyash.Can’t wait for this monster to conquer the world on April 14th, 2022.#KGFChapter2 #KGF2onApr14 #HBDRockingStarYash pic.twitter.com/uIwBZW8j3F
— Prashanth Neel (@prashanth_neel) January 8, 2022
കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻപ് നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഏപ്രിലിൽ തന്നെ തിയേറ്ററിൽ എത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കേരളത്തിലെ തിയേറ്ററുകളിലും ചിത്രം തരംഗമാവുമെന്ന് ഉറപ്പാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ‘കെജിഎഫ് 2‘ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
പ്രശാന്ത് നീലാണ് ഈ കന്നട ആക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്. യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘അധീര’ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; നിർണായക പോലീസ് യോഗം കൊച്ചിയിൽ