കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. തോട്ടടയിൽ മിഥുനോപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു.
ബോംബ് നിർമിക്കാൻ വെടിമരുന്ന് നൽകിയ അനൂപിനായി തിരച്ചിൽ തുടരുകയാണ്. ബോംബുമായി എത്തിയ സംഘത്തിൽപ്പെട്ട ആളാണ് മരിച്ച ജിഷ്ണു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ മിഥുൻ, അക്ഷയ്, ഗോകുൽ, അരുൺ, കടമ്പൂർ സ്വദേശി സനൽ എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ബോംബിനൊപ്പം വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി പ്രതികൾ വിവാഹ സ്ഥലത്ത് എത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കണ്ണൂർ എസ്പിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ബോംബ് നിർമിച്ചത് താനാണെന്ന് ചോദ്യം ചെയ്യലിൽ മിഥുൻ സമ്മതിച്ചിരുന്നു. മറ്റ് പ്രതികളായ അക്ഷയ്, ഗോകുൽ എന്നിവർ ബോംബ് നിർമിക്കാൻ സഹായിച്ചെന്നും മിഥുൻ മൊഴി നൽകി.
Most Read: ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിൽ ‘പറുദീസ’; ഭീഷ്മ പർവ്വത്തിലെ ഗാനമെത്തി