കണ്ണൂർ: ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന് ടി പത്മനാഭന്. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ചിലര്‍ അധികാരത്തില്‍ അട്ടയെപ്പോലെ കടിച്ച് തൂങ്ങുകയാണെന്നും വിമർശിച്ചു.
തിരഞ്ഞെടുപ്പില്‍ സ്ഥിരമായി ജയിക്കുമെന്ന് രാഹുല്‍ ഗാന്ധി ധരിച്ചു. പക്ഷേ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഒടുക്കം സ്മൃതി ഇറാനി ജയിച്ചതോടെ രാഹുലിന് വയനാട്ടിലേക്ക് വരേണ്ടിവന്നു; ടി പത്മനാഭന് പറഞ്ഞു.
1940 മുതല്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും അധികാര രാഷ്ട്രീയത്തോട് തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അധികാരത്തോടുള്ള ചിലരുടെ താൽപര്യമാണ് പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്നും പത്മനാഭന് കുറ്റപ്പെടുത്തി.
‘എക്കാലത്തും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുക എന്നത് ദാരുണമാണ്. മനുഷ്യന് ആര്‍ത്തിയും ആഗ്രഹവും ഉണ്ടാകും. പക്ഷേ ദുരാര്‍ത്തിയും ദുരാഗ്രഹവും പാടില്ല. വലിയ നേതാവായ റോബര്‍ട്ട് വാദ്ര പറഞ്ഞത് അദ്ദേഹം ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ്. അതിന്റെ ഒരു കുറവുകൂടിയേ ഒള്ളൂ’, ടി പത്മനാഭന് പരിഹസിച്ചു.
Most Read: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം ജെഡി-എസിലേക്ക്