ന്യൂഡെൽഹി: കനത്ത ചൂടില്‍ വെന്തുരുകി തലസ്ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42 ഡിഗ്രി വരെ ഉയര്‍ന്നു. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
നഗരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇത് സാധാരണ താപനിലയെക്കാള്‍ 10 ഡിഗ്രി കൂടുതലാണ്. ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മാര്‍ച്ചില്‍ ലഭിക്കേണ്ട മഴ കുറഞ്ഞതാണ് ചൂട് ഇത്രയധികം കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സാധാരണ മാര്‍ച്ചില്‍ 15.9 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാറുണ്ട്. എന്നാൽ ഇക്കുറി ലഭിച്ചിരുന്നില്ല.
Read Also: കോടതിയ്ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചു; വിമർശനവുമായി എംവി ജയരാജൻ