ന്യൂഡെൽഹി: നുഴഞ്ഞുകയറ്റം തടയാൻ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ പുതിയ നീക്കങ്ങളുമായി ഇന്ത്യ. പ്രശ്‌നം രൂക്ഷമായ അതിർത്തി പ്രദേശങ്ങളിൽ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കാനാണ് ബിഎസ്എഫിന്റെ നീക്കം. നദികളും ചതുപ്പുകളും ഉള്ള അതിർത്തി ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ളൊരു പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച ബിഎസ്എഫ് നടത്തിയതായാണ് റിപ്പോർട്. സാധാരണ രീതിയിലുള്ള വേലികൾ കെട്ടാൻ സാധിക്കാത്ത അതിർത്തിയിലെ ദുർഘടമായ ഇടങ്ങളിലാണ് പ്രകൃതിദത്തമായ പ്രതിരോധമെന്ന നിലയിൽ പാമ്പുകളെയും മുതലകളെയും കാവൽക്കാരായി ഉപയോഗിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം പുഴകളും ചതുപ്പുകളുമാണ്.
ഇവിടെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക എന്നത് പ്രായോഗികമല്ല. ഇതോടെയാണ് പുതിയ പരീക്ഷണത്തിന് ബിഎസ്എഫ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ബിഎസ്എഫ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അനുയോജ്യമായ നദീതീരങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത് എന്നതിനാൽ പദ്ധതി നടപ്പിലാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. നുഴഞ്ഞുകയറ്റവും കള്ളക്കടത്തും വ്യാപകമാകുന്നതിന് പിന്നാലെയാണ് ബിഎസ്എഫ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































