താമരശ്ശേരി: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ദേശീയപാത 766 കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക്പോസ്‌റ്റിന് സമീപം ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു അപകടം. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ഗുരുതരമായി പരിക്കേറ്റു. മനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു അരുൺ. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് മനു പോൾ. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കാൻ വരുമ്പോഴായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്. കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ


































