ചുണ്ടുകളെ സുന്ദരമാക്കാൻ വിവിധ ബ്രാൻഡുകളിൽ ലഭിക്കുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ക്രീമുകളുടെ അമിത ഉപയോഗം ചുണ്ടുകളുടെ നിറം മാറ്റത്തിനും ചുണ്ട് വരണ്ടുപൊട്ടുന്നതിനും ചിലപ്പോൾ മാരകമായ പല അസുഖങ്ങൾക്ക് വരെ കാരണമാകാമെന്നാണ് പറയപ്പെടുന്നത്.
ഗുണനിലവാരമില്ലാത്ത സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം, ഡീഹൈഡ്രേഷൻ എന്നിവ കാരണം പലരുടെയും ചുണ്ടുകൾ ഇരുണ്ട നിറത്തിലാവാറുണ്ട്. ഇത് നമ്മുടെ ആത്മവിശ്വാസം കുറയ്ക്കും. ഇത് മറികടക്കാനാണ് മിക്കവരും ലിപ്സ്റ്റിക്കുകൾ, ലിപ് ബാം പോലുള്ളവ ഉപയോഗിക്കുന്നത്.
എന്നാൽ, ഇവയുടെ സഹായമില്ലാതെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ നമുക്ക് ചുണ്ടുകളുടെ മനോഹാരിത കാത്തുരക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
ബീറ്റ്റൂട്ട് മാജിക്ക്
ചുണ്ടുകൾക്ക് സ്വാഭാവിക പിങ്ക് നിറം നൽകാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് ബീറ്റ്റൂട്ട്. ഇതിനായി ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ കഷ്ണം ഉപയോഗിച്ച് ചുണ്ടുകളിൽ നന്നായി മസാജ് ചെയ്യുക. ഇതിലെ സ്വാഭാവിക പിഗ്മെന്റുകൾ ചുണ്ടുകൾക്ക് പെട്ടെന്ന് നിറം നൽകും.
പഞ്ചസാരയും തേനും
ഒരു ടീസ്പൂൺ പഞ്ചസാര അൽപ്പം തേനിൽ കലർത്തി ചുണ്ടുകളിൽ പതുക്കെ ഉരസുക. അഞ്ചുമിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് നല്ലതാണ്. ചർമത്തിലെന്നപോലെ ചുണ്ടുകളിലും മൃതകോശങ്ങൾ അടിഞ്ഞുകൂടാറുണ്ട്. ഇത് നീക്കം ചെയ്താൽ മാത്രമേ പുതിയ കോശങ്ങൾ വരികയും ചുണ്ടുകൾ മൃദുവാകുകയും ചെയ്യുകയുള്ളൂ. ഇതിനായി ഈ വിദ്യ പരീക്ഷിക്കാം.
ബദാം ഓയിലും വെളിച്ചെണ്ണയും
ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് മിക്സ് ചെയ്ത് ചുണ്ടുകളിൽ മസാജ് ചെയ്യുക. ചുണ്ടുകളിലെ സ്വാഭാവികമായ ഈർപ്പം, തിളക്കമുള്ള നിറം എന്നിവ ഉറപ്പാക്കുന്നതിനായി ദിവസവും ഒരു തവണ എന്ന കണക്കിൽ പതിവായി ചെയ്യുക.

കുങ്കമപ്പൂവും പാലും
ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന വിദ്യയാണിത്. അൽപ്പം പാൽപ്പാടയിൽ ഒന്നോ രണ്ടോ കുങ്കമപ്പൂവ് ഇട്ടുവെക്കുക. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് ഇത് ചുണ്ടിൽ പുരട്ടുന്നത് കറുപ്പ് നിറം മാറ്റി ചുണ്ടുകൾ റോസാപ്പൂവിതൾ പോലെ സുന്ദരവും മൃദുലവുമാക്കാൻ സഹായിക്കും.
നാരങ്ങാനീരും തേനും
പ്രകൃതിദത്ത ബ്ളീച്ചിങ് ഏജന്റാണ് ചെറുനാരങ്ങ. ഇത് ചുണ്ടിലെ ഇരുണ്ട നിറം മാറ്റാൻ നിങ്ങളെ സഹായിക്കും. ഇതിനായി തുല്യ അളവിൽ നാരങ്ങാനീരും തേനും കലർത്തി ചുണ്ടിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. നാരങ്ങാനീര് ചുണ്ടുകളെ വരണ്ടതാക്കാൻ സാധ്യതയുള്ളതിനാൽ ഇതിനുശേഷം ലിപ് ബം ഉപയോഗിക്കാൻ മറക്കരുത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്




































