കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടാൻ തീരുമാനമായി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. 2027 മാർച്ച് 31നകം പ്ളാന്റ് മാറ്റി സ്ഥാപിക്കാൻ ധാരണയായി. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണാപത്രത്തിൽ ഇരു വിഭാഗവും ഒപ്പുവെച്ചു.
ഇതോടെ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. 2026 ഓഗസ്റ്റ് എട്ടിന് താമരശ്ശേരി പിഡബ്ള്യൂഡി റസ്റ്റ് ഹൗസിൽ എംഎൽമാരായ ഫിറോസ്, സികെ കാസിം, എംഎ റസാഖ് മാസ്റ്റർ, മുൻ മന്ത്രി എംകെ മുനീർ എന്നിവരുടെയും ഫ്രഷ് കട്ട് പ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു.
ഇതിന് പിന്നാലെ ഓഗസ്റ്റ് 19ന് തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും നടന്ന ചർച്ചയുടെയും അടിസ്ഥാനത്തിലാണ് അന്തിമ ധാരണയിൽ എത്തിയത്. 2027 മാർച്ച് 31ന് പ്ളാന്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് ഡിസ്മാന്റിൽ ചെയ്യും.
കമ്പനിക്ക് പുതിയ സ്ഥലം ലഭിച്ചാലും ഇല്ലെങ്കിലും ഈ തീയതിക്കകം ഇരുതുള്ളിപ്പുഴയുടെ തീരത്ത് നിന്നും പ്ളാന്റ് മാറ്റുമെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ വ്യക്തമാക്കി. ജനവാസ കേന്ദ്രമല്ലാത്ത പുതിയ സ്ഥലം കണ്ടെത്തി അവിടേക്ക് പ്ളാന്റ് മാറ്റുന്നതിനും ഇതിനാവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ വകുപ്പുകൾ സഹകരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പുതിയ പ്ളാന്റ് സ്ഥാപിക്കുന്നതുവരെ, നിലവിലെ പ്ളാന്റ് ഇന്ന് മുതൽ താൽക്കാലികമായി പ്രവർത്തിക്കും. എന്നാൽ, പ്രതിദിനം 25 ടൺ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂവെന്ന കർശന നിർദ്ദേശമുണ്ട്. പ്ളാന്റ് പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് അസഹനീയമായ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അതീവ ഗന്ധം ഉണ്ടായാൽ ഈ ധാരണയിൽ നിന്ന് പിൻമാറുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ധാരണയുടെ അടിസ്ഥാനത്തിൽ സമരസമിതി അംഗങ്ങൾക്ക് എതിരെയും കമ്പനി ഇടമകൾക്കെതിരെയും നിലവിലുള്ള കോടതി കേസുകളും പോലീസ് പരാതികളും നിയമപരമായി പിൻവലിക്കുകയോ ഒത്തുതീർപ്പാക്കുകയോ ചെയ്യും. നിലവിൽ കോടതിയിലുള്ള മലിനീകര നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെതിരായ സ്റ്റേ ഓർഡർ പരിഗണിക്കുമ്പോൾ അഭിഭാഷകർ ഈ വിവരം അറിയിച്ചു നടപടികൾ അവസാനിപ്പിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം







































