തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
കലയ്ക്ക് വേണ്ടി ജീവിച്ച വ്യക്തിയാണ് സൂര്യ കൃഷ്ണമൂർത്തി. വർഷംതോറും ഒക്ടോബറിൽ നടത്തുന്ന സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനാണ് അദ്ദേഹം. ഒക്ടോബർ ഒന്നിന് ഈവർഷത്തെ സൂര്യ ഫെസ്റ്റിവൽ നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നാടകരചയിതാവ്, സാംസ്കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി, ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു. ഈ ജോലി രാജിവെച്ച ശേഷമാണ് അദ്ദേഹം മുഴുവൻ സമയ കലാപ്രവർത്തകനായത്.
കേരളത്തിന്റെ ചീഫ് എൻജിനിയറായിരുന്ന ടി നടരാജപിള്ളയുടെയും ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തക സി സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11ന് കോട്ടയത്താണ് ജനനം. നടരാജ കൃഷ്ണമൂർത്തി എന്നാണ് ഔദ്യോഗിക പേര്. പിന്നീടത് സൂര്യ കൃഷ്ണമൂർത്തിയായി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1971ൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് 1972ൽ ഐഎസ്ആർഒയിൽ ചേർന്നത്.
1999ൽ സ്വയം വിരമിച്ച് കലാപ്രവർത്തകനായി. നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. മലയാളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും തിയറ്റർ ഓഫ് ഫ്രീഡം എന്ന രംഗകലയും അവതരിപ്പിച്ചു. അദ്ദേഹം സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള കലാകാരൻമാരുടെ കലാമാമാങ്കമായിരുന്നു.
മൂന്നുവട്ടം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ആയിരുന്നു. കേരളം സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണായക സമിതികൾ, ഇന്ത്യൻ പനോരമ സെലക്ഷൻ സമിതി തുടങ്ങിയവയിൽ അംഗമായിരുന്നു.
മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പർവം തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. 2003ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ മാൻ ഓഫ് ദി ഇയർ ആയി. ഏറ്റവും മികച്ച ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും (1996) കേരള സംഗീത നാടക അക്കാദമായി ഫെല്ലോഷിപ്പും (1994) നേടി.
കേരള സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ കേരളപ്രഭ, തമിഴ്നാട് സർക്കാരിന്റെ കലൈമാനി പുരസ്കാരവും സമഗ്ര സംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: രാജി. മക്കൾ: സീത (സിവിൽ സർവീസ്), ലക്ഷ്മണൻ. മരുമകൻ: ചന്ദൻ കുമാർ.
Most Read| 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി




































