കൊച്ചി: നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുമരണം. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം.
അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്ന് ഇയാൾ വെല്ലുവിളിച്ചതായി നാട്ടുകാർ പറയുന്നു.
അത്താണി സിഗ്നലിന് സമീപമാണ് അപകടം നടന്നത്. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ രാജഗിരിയിൽ ബികോം വിദ്യാർഥിയാണ്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്


































